Saturday, 17 September 2016

കശ്മീരില്‍ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടു; മരണം 85 ആയി



വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മോമിന്‍ അല്‍താഫിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്

ശ്രീനഗര്‍: താല്‍ക്കാലിക ശമനമുണ്ടായിരുന്ന കശ്മീരിലെ പ്രക്ഷോഭം വീണ്ടും ശക്തമായി. വെള്ളിയാഴ്ച നടന്ന അക്രമത്തില്‍ 15 വയസുകാരനായ മോമിന്‍ അല്‍ത്താഫ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് മോമിനെ പെല്ലറ്റ് ആക്രമണത്തിലെ പരിക്കുകളോടെ കണ്ടെത്തിയത്.

മോമിന്റെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ടുള്ള പരിക്കുകളുണ്ടെങ്കിലും മരണകാരണം ഈ പരിക്കുകളാണോ എന്ന് വ്യക്തമല്ല. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മോമിന്‍ അല്‍താഫിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ ദിവസം ഹര്‍വാന്‍ ടൗണില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സുരക്ഷാ സേന പെല്ലറ്റുകള്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ സുരക്ഷിതമായ ദൂരത്തുനിന്നാണ് പെല്ലറ്റുകള്‍ ഉപയോഗിച്ചതെന്നും ഇതുമൂലം മരണം സംഭവിക്കില്ലെന്നും സുരക്ഷാസേന വ്യക്തമാക്കി.

മോമിന്‍ കൂടി കൊല്ലപ്പെട്ടതോടെ ജൂലൈ മുതല്‍ കശ്മീരില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. ശ്രീനഗറിലെ ഹര്‍വാന്‍ മേഖലയില്‍ ശനിയാഴ്ച രാവിലെയോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീനഗറിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷാ സേന നിലയുറപ്പിച്ചിട്ടുണ്ട്. തെക്കന്‍ കാശ്മീരില്‍ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന അധിക സേനാവ്യൂഹത്തെ വിന്യസിച്ചു. ഇവിടെ സൈന്യത്തിനു നേരെ ശക്തമായ ആക്രമണമാണ് നടന്നു വരുന്നത്.

വാരാദ്യം പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം ശക്തമായ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സൈന്യം വധിച്ചതോടെയാണ് കശ്മീരില്‍ പ്രക്ഷോഭം ആരംഭിച്ചത്.

No comments:

Post a Comment