Saturday, 17 September 2016

ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ക്ക് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി



ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗ് ഓഫീസില്‍ ഇല്ലാത്തതിനെ ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഫിന്‍ലാന്‍ഡില്‍ സന്ദര്‍ശനത്തിന് പോയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തിരിച്ചു വിളിച്ച ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗ് ഓഫീസില്‍ ഇല്ലാത്തതിനെ ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടി.

ഡല്‍ഹിയില്‍ ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും വ്യാപിച്ചതിനെ തുടര്‍ന്ന് ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിന് പോയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് സന്ദര്‍ശനം റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയില്‍ തിരിച്ചെത്തുവാന്‍ ലെഫ്.ഗവര്‍ണര്‍ ഫാക്സ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാള്‍ തൊണ്ട സംബന്ധമായി അസുഖങ്ങള്‍ക്ക് ചികിത്സ തേടി ബെംഗളൂരുവിലായതിനാല്‍ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഡല്‍ഹിയില്‍ വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലെഫ്.ഗവര്‍ണര്‍ ഉപമുഖ്യമന്ത്രിയെ തിരിച്ചു വിളിച്ചത്.

ഇതേതുടര്‍ന്ന് ശനിയാഴ്ച രാവിലെ ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗിനെ സന്ദര്‍ശിക്കുവാനായി പേ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും ടൂറിസം-ജലസേചന വകുപ്പ് മന്ത്രി കപില്‍ മിശ്രയും അദ്ദേഹത്തിന്റെ ഓഫീസിലെത്തിയെങ്കിലും ലെഫ്.ഗവര്‍ണര്‍ അവധിയിലാണെന്നായിരുന്നു അദേഹത്തിന്റെ ഓഫീസില്‍ നിന്ന് മന്ത്രിമാര്‍ക്ക് ലഭിച്ച വിവരം.

വിദേശസന്ദര്‍ശനം നടത്തുന്ന ഉപമുഖ്യമന്ത്രിയോട് അടിയന്തരമായി തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് ലെഫ്.ഗവര്‍ണര്‍ ഇന്നലെ ഫാക്സ് സന്ദേശം അയച്ചിരുന്നു. അങ്ങനെ എന്തെങ്കിലും അടിയന്തര പ്രശ്നമുണ്ടോ എന്ന് ഫോണിലൂടെ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അടിയന്തര വിഷയങ്ങളൊന്നുമില്ലെന്നും ഇന്ന് കാണുവാന്‍ സാധിക്കില്ലെന്നുമാണ് ലെഫ്.ഗവര്‍ണര്‍ മറുപടി പറഞ്ഞതെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെയും വിവരം തരാതെയുമാണ് മന്ത്രിമാര്‍ ലെഫ്.ഗവര്‍ണറെ കാണുവാനെത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ലെഫ്.ഗവര്‍ണറുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി മന്ത്രിമാരോട് സംസാരിച്ചു. എന്നാല്‍ ഗവര്‍ണര്‍ക്ക് കൈമാറുവാനായി എന്തെങ്കിലും പരാതിയോ അപേക്ഷയോ മന്ത്രിമാര്‍ നല്‍കിയിട്ടില്ല.

ഡല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും ബന്ധപ്പെട്ട് ലെഫ്.ഗവര്‍ണറുടെ ഓഫീസ് കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ ഡല്‍ഹി നേരിടുമ്ബോള്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ നല്‍കാതെ വിഷയം രാഷ്ട്രീയവത്ല്‍കരിക്കാനാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രമക്കുന്നത് - ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ലെഫ് ഗവര്‍ണറുടെ ഓഫീസ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

No comments:

Post a Comment