സ്നേഹതീരത്തിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി രക്ഷിച്ചത് രണ്ടാഴ്ചമുമ്ബ് വിവാഹത്തില്‍ പങ്കെടുത്ത് മംഗളം നേര്‍ന്ന പെണ്‍കുട്ടിയെ; ഔദ്യോഗിക വാഹനത്തില്‍ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന രേഷ്മയ്ക്ക് നാട്ടുകാര്‍ കണ്ടെത്തി നല്‍കിയത് എട്ടുപവന്റെ താലിമാല; അരിമ്ബൂരില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച കഥ മറുനാടനോട് വിവരിച്ച് മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: തളിക്കുളം ബീച്ചിലെ സ്നേഹതീരത്ത് നടക്കുന്ന ഓണാഘോഷ ചടങ്ങിലേക്ക് പോകുംവഴിയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ രക്ഷകനായത് താന്‍തന്നെ രണ്ടാഴ്ചമുമ്ബ് വിവാഹത്തില്‍ പങ്കെടുത്ത് ജീവിതമംഗളങ്ങള്‍ നേര്‍ന്ന പെണ്‍കുട്ടിക്ക്. ഓണാഘോഷ തിരക്കിനിടയില്‍ അരിമ്ബൂരില്‍ വച്ച് വാഹനം ബ്ളോക്കില്‍ പെട്ടപ്പോള്‍ കാര്യം തിരക്കിയിറങ്ങിയ മന്ത്രി കണ്ടത് ചോരയില്‍ കുളിച്ച് ഒരു പെണ്‍കുട്ടി നില്‍ക്കുന്നതായിരുന്നു.
ആശുപത്രിയിലെത്താന്‍ വാഹനം കിട്ടാതെ നിന്നിരുന്ന അവരെ വേഗം തന്റെ വണ്ടിയില്‍ കയറ്റിയ ശേഷം ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു മന്ത്രി.
തലയ്ക്കും മുഖത്തും പരിക്കേറ്റ പെണ്‍കുട്ടി പഌസ്റ്റിക് സര്‍ജറിക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായും അവരുടെ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടാഴ്ചമുമ്ബാണ് വിവാഹിതയായതെന്നും താനും ആ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി സുനില്‍കുമാര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.
അരിമ്ബൂരില്‍ വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍ പെട്ട കാഞ്ഞാണി കണ്ട്രാപ്പശേരി വീട്ടില്‍ പ്രേംനരേഷ് (50), മരുമകള്‍ രേഷ്മ (22), എല്‍ത്തുരുത്ത് ആലപ്പാട്ട് വീട്ടില്‍ ജാന്‍സി എന്നിവരെയാണു മന്ത്രി ഔദ്യോഗിക വാഹനത്തില്‍ മദര്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെപ്പറ്റി മന്ത്രി വ്യക്തമാക്കിയത് ഇങ്ങനെ: 'ഞാന്‍ തൃശൂരില്‍ ഒരു പരിപാടി കഴിഞ്ഞ് തളിക്കുളത്തേക്ക്, അവിടെ സ്നേഹതീരത്ത് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ പോകുകയായിരുന്നു.
അരിമ്ബൂര്‍ എത്തിയപ്പോള്‍ വണ്ടി ബ്ളോക്കായി. എന്താണെന്ന് ചാടിയിറങ്ങി നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി ചോരയില്‍ കുളിച്ച് നില്‍ക്കുന്നു. ചുരീദാറിന്റെ ഷാള്‍ തലയില്‍ ചുറ്റിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ട് അച്ഛന്‍ നില്‍ക്കുകയാണ്. കാര്യം ചോദിച്ചപ്പോഴാണ് ആക്സിഡന്റാണെന്നും വണ്ടിയൊന്നും നിര്‍ത്തുന്നില്ലെന്നും മനസ്സിലായത്. മറ്റൊരു പെണ്‍കുട്ടി സ്കൂട്ടറിനടുത്ത് വീണുകിടപ്പുണ്ട്.
ഉടനെ വണ്ടി തിരിക്കാന്‍ പറഞ്ഞു. പെണ്‍കുട്ടിയെയും അച്ഛനെയും മറ്റേ കുട്ടിയേയും കയറ്റി. വണ്ടിയില്‍ സ്്ഥലമില്ല. നമുക്കിപ്പോ എസ്കോര്‍ട്ടൊന്നും ഇല്ലല്ലോ. അപ്പോള്‍ മകനെയും പ്രൈവറ്റ് സെക്രട്ടറിയേയും അവിടെ ഇറക്കിനിര്‍ത്തി വണ്ടി നേരെ മദര്‍ ആശുപത്രിയിലേക്ക് വിട്ടു. കുട്ടിയുടെ മുഖം മുഴുവന്‍ ചോരയില്‍ കുളിച്ചിരുന്നു. ഒരുപാട് ചോര പോയി. ആശുപത്രിയില്‍ വേഗം എത്തിക്കാനായപ്പോള്‍ സമാധാനമായി. അതാണുണ്ടായത്.
ഇതിനിടയ്ക്കാണ് അവിടെ നിന്ന് നാട്ടുകാര്‍ക്ക് കുട്ടിയുടെ മാല കിട്ടിയെന്ന് പറഞ്ഞത്. അപ്പോള്‍ അതുമായി മകനോടും സെക്രട്ടറിയോടും ഓട്ടോയില്‍ നേരെ ആശുപത്രിയിലേക്ക് വരാന്‍ പറയുകയായിരുന്നു. പിന്നെയാണ് അറിഞ്ഞത് പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ എന്ന്. എട്ടുപവന്റെ താലിമാലയാണ് നഷ്ടപ്പെട്ടത്. കല്യാണത്തിന് ഞാനും പോയിരുന്നുവെന്ന് ഇന്നുരാവിലെ ബന്ധുക്കളെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അന്നേരം എനിക്ക് മനസ്സിലായിരുന്നില്ല. ഈ കല്യാണത്തിന് പോയകാര്യമൊന്നും. പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മനസ്സിലായില്ല.
എന്തായാലും പെണ്‍കുട്ടിക്ക് സുഖമായി വരുന്നു. മുഖത്ത് പരിക്കു പറ്റിയതിനാല്‍ പഌസ്റ്റിക് സര്‍ജറി നടത്തിയെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ഐസിയുവിലാണ്. അച്ഛന് വിരലിന് പരിക്കുപറ്റിയിരുന്നു. മറ്റേ പെണ്‍കുട്ടിക്ക് കാലിന് ഫ്രാക്ചറാണ്. കൂടുതല്‍ ആപത്തില്ലെന്നത് സമാധാനം.' മന്ത്രി അപകടത്തില്‍ രക്ഷകനായ സംഭവത്തെപ്പറ്റി പറഞ്ഞുനിര്‍ത്തുന്നു.
വൈകിട്ട് ബാനര്‍ജി ക്ലബിലെ പുലിക്കളി ചമയപ്രദര്‍ശനം ഉദ്ഘാടനത്തിനുശേഷം തളിക്കുളം സ്നേഹതീരത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്ബോഴാണു മന്ത്രിയുടെ വാഹനം അപകടസ്ഥലത്തെത്തിയത്. പരിക്കേറ്റ ചോരവാര്‍ന്ന നിലയിലാിയരുന്നു അപകടത്തില്‍ പെട്ടവര്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി തന്നെ പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുന്‍കയ്യെടുത്തു.
ഔദ്യോഗിക വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മകനെയും സെക്രട്ടറി അനില്‍കുമാറിനെയും ഇറക്കി നിര്‍ത്തി. പരുക്കേറ്റവരെ ഉടന്‍ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. കാര്യമായി പരുക്കേറ്റ രേഷ്മ ചോരവാര്‍ന്ന നിലയിലായിരുന്നു. അതിവേഗം ആശുപത്രിയിലെത്തിച്ചതു ജീവന്‍ രക്ഷിക്കാന്‍ തുണയായെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മന്ത്രിമാരുടെ വാഹനങ്ങള്‍ അതിവേഗത്തില്‍ ചീറിപ്പായുന്നതും അപകടംവരുത്തുന്നതും അവരെ തിരിഞ്ഞുനോക്കാതെ കടക്കുന്നതുമായ കഥകള്‍ ഏറെ കേട്ട കേരളത്തിന് മന്ത്രി സുനില്‍കുമാര്‍ ഓണനാളുകളില്‍, അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകനായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചായിരിക്കുകയാണിപ്പോള്‍.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി കുറച്ചുനാള്‍ കൊണ്ടുതന്നെ കൃഷിമന്ത്രിയായ സുനില്‍കുമാര്‍ ജനകീയനായ നല്ലമന്ത്രിയെന്ന് പേരെടുത്തിരുന്നു. കാര്‍ഷികരംഗം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന നടപടികളിലെല്ലാം കയ്യടി നേടി മുന്നേറുന്ന സുനില്‍കുമാര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയ സംഭവവും വലിയ വാര്‍ത്താ പ്രാധാന്യം നേടുകയാണിപ്പോള്‍.
No comments:
Post a Comment