ഐഎസിന്റെ പിടിയില്‍നിന്നും രക്ഷപെട്ട യസീദി യുവതി യുഎന്‍ ഗുഡ്വില്‍ അംബാസഡര്‍
ജനീവ• ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമയായി ഏറെക്കാലം പീഡനങ്ങള്‍ അനുഭവിച്ച യസീദി യുവതിയെ മനുഷ്യക്കടത്തുകാരില്‍നിന്നു രക്ഷപ്പെടുന്നവരുടെ ക്ഷേമത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ഗുഡ്വില്‍ അംബാസഡറായി നിയമിച്ചു. നാദിയ മുറാദ് ബാസി താഹയെന്ന ഇരുപത്തിമൂന്നുകാരിയെയാണ് യുഎന്‍ ഗുഡ്വില്‍ അംബാസഡറായി തിരഞ്ഞെടുത്തത്. മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതാവും ഗുഡ്വില്‍ അംബാസഡറെന്ന നിലയിലുള്ള നാദിയയുടെ ചുമതല.
ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരതയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നതാണ് തന്റെ പ്രാഥമികമായ ആവശ്യമെന്ന് യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നാദിയ മുറാദ് വ്യക്തമാക്കി.
യസീദികള്‍ക്കെതിരെ 2014ല്‍ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണം വംശഹത്യയായി അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇറാഖിലെ വടക്കന്‍ നഗരമായ സിന്‍ജാറിന് സമീപമുള്ള കോച്ചോ ഗ്രാമത്തില്‍നിന്ന് 2014 ഓഗസ്റ്റിലാണ് നാദിയയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂളിലെത്തിച്ച നാദിയയെ ഭീകരര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പിന്നീട് പലതവണയായി പലര്‍ക്കു വിറ്റ നാദിയ ഐഎസിന്റെ ലൈംഗിക അടിമയായി മാറുകയായിരുന്നു.
അവര്‍ക്കാവശ്യമുള്ള രീതിയിലെല്ലാം എന്നെ അവര്‍ ഉപയോഗിച്ചു. അവിടെ താന്‍ ഒറ്റയ്ക്കായിരുന്നില്ലെന്നും യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നാദിയ പറഞ്ഞു. ഒരുതരത്തില്‍ പറഞ്ഞാല്‍ കൂട്ടത്തില്‍ ഭാഗ്യവതി ഞാനായിരുന്നു. ആയിരക്കണക്കിന് പേര്‍ ഇപ്പോഴും പുറംലോകം കാണാനാകാതെ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി കഴിയുമ്ബോള്‍ എനിക്ക് രക്ഷപ്പെടാനുള്ള വഴി തെളിഞ്ഞുകിട്ടി - നാദിയ പറഞ്ഞു.
ഇപ്പോഴും 3,200ല്‍ അധികം യസീദി യുവതികള്‍ ഐഎസ് ഭീകരരുടെ പിടിയില്‍ ലൈംഗിക അടിമകളായി കഴിയുകയാണെന്നും നാദിയ ചൂണ്ടിക്കാട്ടി. ഇവരെ രക്ഷപ്പെടുത്താനും ഉത്തരവാദികളായവരെ പിടികൂടാനും രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും നാദിയ പറഞ്ഞു.
No comments:
Post a Comment