Monday, 12 September 2016

ഭര്‍ത്താവിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച; പിന്നില്‍ ഇതര സംസ്ഥാനക്കാരെന്നു പൊലീസ്



തൊടുപുഴ • തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍ പ്രകാശ് പെട്രോള്‍ പമ്ബുടമ ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും ആക്രമിച്ച്‌ കെട്ടിയിട്ട ശേഷം 1.75 ലക്ഷം രൂപയും നാലര പവന്റെ സ്വര്‍ണാഭരണങ്ങളും, ഐപാഡും, രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു നഗരത്തെ നടുക്കിയ കവര്‍ച്ച. ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചു പേരെ ഷൊര്‍ണൂരില്‍ നിന്നു പൊലീസ് പിടികൂടിയതായി വിവരം.

ഇതര സംസ്ഥാന തൊഴിലാളികളാണു ആക്രമിച്ചതെന്നു പൊലീസ്. അഞ്ചു പേരടങ്ങുന്ന സംഘമാണു കവര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്. പ്രമുഖ ബസ് ഉടമയായിരുന്ന പ്രകാശ് കൃഷ്ണന്‍ നായരുടെ മൂത്ത മകനാണു ബാലചന്ദ്രന്‍.
പെട്രോള്‍ പമ്ബില്‍ നിന്നുള്ള കലക്ഷന്‍ തുകയാണു മോഷ്ടാക്കള്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം ഓട്ടോയില്‍ മൂവാറ്റുപുഴയിലെത്തിയ സംഘം സുല്‍ത്താന്‍ ബത്തേരി ബസില്‍ കയറി ആലുവയിലിറങ്ങി. ഇവിടെ നിന്നും ട്രെയിനില്‍ ഷൊര്‍ണൂരിലിറങ്ങി. ഇവിടെ നിന്നും ചെന്നൈയിലേക്ക് പോകുന്നതിനു ടാക്സി പിടിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതിനിടെയാണു ഡ്രൈവര്‍മാര്‍ക്കു സംശയം തോന്നിയതും വിവരം പൊലീസില്‍ അറിയിച്ചതും. വിവരം അറിഞ്ഞ് തൊടുപുഴ പൊലീസ് ഷൊര്‍ണൂരിലേക്കു പുറപ്പെട്ടു.



ആക്രമണത്തില്‍ ബാലചന്ദ്രനും ഭാര്യയ്ക്കും പരുക്കുണ്ട്. ഇവരെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കോളിങ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന ബാലചന്ദ്രനെ കൂട്ടത്തോടെ ആക്രമിച്ച ശേഷമാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.

No comments:

Post a Comment