Monday, 12 September 2016

കാവേരി തര്‍ക്കം; കേന്ദ്ര സേനയെ വിന്യസിച്ചു



ബെംഗളൂരു: കാവേരി വിഷയത്തെ ചൊല്ലി കര്‍ണാടകത്തില്‍ സംഘര്‍ഷം വ്യാപിക്കവേ ബെംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷത്തിന് നേരിയ തോതില്‍ അയവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നഗരത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തില്‍ ബുധനാഴ്ചവരെ നിരോധനാഴ്ച തുടരും.ഇതിനിടെ, ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റെയില്‍വേ പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 11.15ന് ബാംഗ്ലൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെടും.
ട്രെയിനിന് കന്റോണ്‍മെന്റ്, കെആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും.
ചൊവ്വാഴ്ച വൈകുന്നേരവും ബുധനാഴ്ചയും പ്രത്യേക ട്രെയിനുകള്‍ ഓടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. അഞ്ച് ബസുകള്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സുരക്ഷ ലഭിച്ചാല്‍ ബസ് സര്‍വ്വീസ് സാധാരണ നിലയില്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ കേരള പോലീസ് കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡിജിപി ഓം പ്രകാശുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തിരിച്ചു വരുന്ന മലയാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരള പോലീസിന്റെ ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. നൂറ് പേരടങ്ങുന്ന ഒരു കമ്ബനി പോലീസ് സംഘമായിരിക്കും സുരക്ഷാചുമതലയുമായി കര്‍ണാടകയിലെത്തുക.കാവേരി വിഷയം ചര്‍ച്ച ചെയ്യുന്നതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാവിലെ 11 മണിയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.
പൊതുജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനും അന്വേഷണങ്ങള്‍ക്കും താഴെപ്പറയുന്ന നമ്ബറുകള്‍ ഉപയോഗിക്കാം:
ഫോണ്‍ 100, വാട്സ്‌ആപ്പ് 9480801000
ട്വിറ്റര്‍ @BlrCtiyPolice

No comments:

Post a Comment