Monday, 12 September 2016

കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍; കെഎസ്‌ആര്‍ടിസി പകല്‍ സര്‍വീസ് നടത്തില്ല



ബെംഗളൂരു • ബെംഗളൂരുവില്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കേരളത്തിലേക്ക് രണ്ടു പ്രത്യേക ട്രെയിനുകള്‍. കേരളസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും ട്രെയിനുകള്‍ അനുവദിച്ചത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാവിലെ 11.15നു ബെംഗളൂരു സിറ്റി സ്റ്റേഷനില്‍നിന്നു പുറപ്പെടും. കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകിട്ട് 6.50 ന് പുറപ്പെടും. ഓണം പ്രമാണിച്ച്‌ രണ്ടു സ്പെഷല്‍ ട്രെയിന്‍ കൂടി ബെംഗളൂരുവില്‍നിന്നും അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സംഘര്‍ഷം കണക്കിലെടുത്ത് കെഎസ്‌ആര്‍ടിസി പകല്‍ സര്‍വീസ് നടത്തില്ല.
ഇന്നലെ രാത്രി പുറപ്പെട്ട ബസുകള്‍ കാസര്‍കോടില്‍ എത്തി. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കുടുങ്ങിയവരുമായി അഞ്ചു കേരള ആര്‍ടിസി ബസുകള്‍ രാത്രി 12നു ശേഷമാണ് കാസര്‍കോട്ടേക്കു പുറപ്പെട്ടത്. പൊലീസ് അകമ്ബടിയോടെ ഹാസന്‍ വഴിയായിരുന്നു യാത്ര. എല്ലാവര്‍ക്കും കാസര്‍കോട്ടുനിന്നു തുടര്‍യാത്രയ്ക്കും സൗകര്യമൊരുക്കും.

രാത്രി സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കെഎസ്‌ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ബസിന്റെ പിന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. കേടായ ബസ് മാറ്റി ഇടുമ്ബോഴാണ് കല്ലേറുണ്ടായത്. സര്‍വീസുകള്‍ ഏകോപിപ്പിക്കാന്‍ ഗതാഗത സെക്രട്ടറി ഇന്നു ബെംഗളൂരുവിലെത്തും. മലയാളികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍ണാടക എമര്‍ജെന്‍സി കോ- ഓര്‍ഡിനേറ്ററും എടപ്പാള്‍ സ്വദേശിയുമായ കെ.കെ. പ്രദീപിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു.

No comments:

Post a Comment