Monday, 12 September 2016

കശ്മീരിന് പ്രതിസന്ധികളുടെ ഈദാഘോഷം; നിരീക്ഷണത്തിന് സൈന്യവും ഡ്രോണുകളും



ശ്രീനഗര്‍: സംഘര്‍ഷങ്ങള്‍ക്കും നിരോധനാജ്ഞയ്ക്കും കീഴില്‍ കശ്മീരിന് പ്രതിസന്ധികളുടെ ഈദാഘോഷം. ഏതു നിമിഷവും അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി 67 ാം ദിവസവും കശ്മീരിലെ 10 ജില്ലകളില്‍ കാര്യങ്ങളെല്ലാം മുടങ്ങിത്തന്നെ കിടക്കുകയാണ്. ആള്‍ക്കൂട്ടം ഉള്‍പ്പെടെയുള്ളവ നിരോധിച്ചിട്ടുള്ളതിനാല്‍ വിഖ്യാതമായ ഹസ്രത്ബാല്‍ പള്ളിയില്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കാനുള്ള സാഹചര്യവും കുറവാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഈദ് നമസ്ക്കാരവും പ്രാര്‍ത്ഥനകളും പ്രാദേശിക മോസ്ക്കുകളില്‍ ആക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചന്തകളും തെരുവുകളും വിജനമായി കിടക്കുകയാണ്. ബേക്കറികളും പലഹാരക്കടകളും അടഞ്ഞുകിടക്കുകയാണ്.
ആടു വില്‍പ്പനക്കാരും വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. ഈദിന് ബലി നല്‍കാനുള്ള ആടുകളുമായി ഒരു വര്‍ഷമായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഇടപാടുകാരെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.

ജൂലൈ 8 ന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 80 പേരാണ് കൊല്ലപ്പെട്ടത്. 10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമ പശ്ചാത്തലത്തില്‍ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. അക്രമ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം സൈന്യത്തിന്‍റെ പിടിയിലാണ്. ആകാശ നിരീക്ഷണത്തിന് ഹെലികോപ്റ്ററും പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഇന്‍റര്‍നെറ്റ് ടെലികോം സേവനങ്ങള്‍ക്ക് നേരത്തേ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞയ്ക്കെതിരേ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. മെഹ്ബൂബ മുഫ്ത്തി സര്‍ക്കാരിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശേഷിയില്ലെന്നതാണ് പ്രധാന ആരോപണം.

No comments:

Post a Comment