കാവേരി, മുല്ലപ്പെരിയാര്‍,പാലാര്‍... തര്‍ക്കങ്ങളുടെ നദിയില്‍ തമിഴ്നാട്
മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവുമായും പാലാറിന്റെ പേരില്‍ ആന്ധ്രയുമായും കാവേരിയെച്ചൊല്ലി കര്‍ണാടകവുമായും തമിഴ്നാട് സ്ഥിരം വഴക്കിലാണ്
ചെന്നൈ: കാവേരിയെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും തെരുവില്‍ കത്താന്‍ തുടങ്ങിയിരിക്കുന്നു. കാവേരി വെള്ളമൊഴുകുന്ന തിരുച്ചിയിലേക്ക് തമിഴ്നാടിന്റെ തലസ്ഥാനം മാറ്റുന്നതിന് ഒരിക്കല്‍ എം.ജി.ആര്‍. ആലോചിച്ചതായിരുന്നു. തമിഴകത്തിന്റെ നെല്ലറയായ തഞ്ചാവൂര്‍, തിരുവാരൂര്‍ ബെല്‍റ്റില്‍ കാവേരി വെള്ളമെത്തുന്നില്ലെങ്കില്‍ തമിഴകത്തിന്റെ മൊത്തം സാമ്ബത്തികസുസ്ഥിരതയെ അത് ബാധിക്കും. ഹ്രസ്വകാല നെല്‍കൃഷിയായ കുറുവൈയും ദീര്‍ഘകാല നെല്‍കൃഷിയായ സംബയും കാവേരി നദീതടത്തിലാണ് കൃഷി ചെയ്യുന്നത്.
ഒരര്‍ഥത്തില്‍ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയജിവിതവും കാവേരി ട്രൈബ്യൂണലുമായി അടുത്ത ബന്ധമുണ്ട്. 1990 ജൂണിലാണ് കാവേരി ട്രൈബ്യൂണല്‍ നിലവില്‍വന്നത്. തൊട്ടടുത്ത വര്‍ഷമാണ് ജയലളിത ആദ്യമായി തമിഴ്നാട്ടില്‍ അധികാരത്തിലെത്തുന്നത്.
കാവേരിവെള്ളം ശേഖരിക്കപ്പെടുന്ന പ്രധാന അണകളെല്ലാം കര്‍ണാടകയിലാണ്. മാണ്ഡ്യയിലെ കൃഷ്ണരാജസാഗറും ഹാസനിലെ ഹേമാവതിയും മൈസൂരിലെ കബനിയും കൊടകിലെ ഹരാംഗിയുമാണ് ഈ അണകള്‍. 1991 ല്‍ ട്രൈബ്യൂണലിന്റെ ഇടക്കാലവിധി വന്നെങ്കിലും ഈ വിധി ഒരിക്കലും യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല.
2007 ഫിബ്രവരി 5-ന് ട്രൈബ്യൂണല്‍ അന്തിമവിധി പ്രകാരമുള്ള കാവേരി വാട്ടര്‍ മാനേജ്മെന്റ് ബോര്‍ഡും കാവേരി ജലനിയന്ത്രണ സമിതിയും ഇനിയും രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്.
സുപ്രീംകോടതി വിധിയനുസരിച്ച് 13 ടി.എം.സി. അടി വെള്ളത്തോളമാണ് കര്‍ണാടക വിട്ടുകൊടുക്കേണ്ടത്. ഇത്രയും വെള്ളം വിട്ടുകൊടുത്താല്‍ തങ്ങളുടെ കൃഷി അവതാളത്തിലാവുമെന്നാണ് കര്‍ണാടകത്തിലെ കര്‍ഷകരുടെ പരാതി.
വെള്ളപ്രശ്നത്തില്‍ തമിഴ്നാടിന് ഒരു അയല്‍ സംസ്ഥാനവുമായും നല്ല ബന്ധമില്ലെന്നതാണ് വാസ്തവം. മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവുമായും പാലാറിന്റെ പേരില്‍ ആന്ധ്രയുമായും കാവേരിയെച്ചൊല്ലി കര്‍ണാടകവുമായും തമിഴ്നാട് സ്ഥിരം വഴക്കിലാണ്. ഈ വഴക്ക് മാറണമെങ്കില്‍ ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതൃത്വം വാശിയും വൈരാഗ്യവും മാറ്റിവെച്ച് ഒരു മേശയ്ക്കിരുപുറമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. പക്ഷേ, ഇത്തരമൊരു ചര്‍ച്ച അടുത്ത കാലത്തെങ്ങുമുണ്ടായിട്ടില്ല. കാവേരി പ്രശ്നത്തില്‍ കര്‍ണാടക - തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുമെങ്കില്‍ അതൊരു സുവര്‍ണദിനമായിരിക്കും.
No comments:
Post a Comment